തൃശ്ശൂരിൽ തോട്ടിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെട്ട വയോധികയെ രക്ഷപ്പെടുത്തി
athani thrissur

അത്താണി : കേരള ആയുർവേദ ഫാർമസിക്ക് സമീപം ദേശീയപാതയോട് ചേർന്ന കുറുന്തലക്കോട്ട് ചിറയിൽ കുളിക്കാൻ ഇറങ്ങവേ ഒഴുക്കിൽ പെട്ട വയോധികയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.

പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിനടുത്ത് താമസിക്കുന്ന മാർത്തയാണ്(75) ഒഴുക്കിൽപെട്ട് പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റർ ദൂരം ചിറയിൽ ഒഴുകിപ്പോയത്.

റോഡിൽനിന്ന് ചിറയിലേക്ക് വീണുകിടന്ന കേബിളിൽ പിടിച്ച് അവശയായി കിടക്കുന്നത് കണ്ട സമീപവാസികളും വാർഡംഗം ജോബി നെൽക്കരയും അറിയിച്ച പ്രകാരം അങ്കമാലി അഗ്നിരക്ഷ സേനാംഗങ്ങൾ എത്തിയാണ് മാർത്തയെ രക്ഷപ്പെടുത്തിയത്.

സേനാംഗങ്ങൾ റോപ്പിൽ ഇറങ്ങി റെസ്ക്യൂ നെറ്റിൽ കയറ്റി കരക്കെത്തിച്ച്, ആംബുലൻസിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ അടിയൊഴുക്ക് രൂക്ഷമായ ചിറയിലാണ് അപകടം. 

അങ്കമാലി അഗ്നിരക്ഷാസേന അസി: സ്റ്റേഷൻ ഓഫിസർ എൻ.ജിജിയുടെ നേതൃത്വത്തിൽ കെ.എം. അബ്ദുൽ നസീർ, ബെന്നി അഗസ്റ്റിൻ, ടി.ഡി. ദീപു, പി.ആർ. സജേഷ്, എം. രാമചന്ദ്രൻ, ജോസ് മോൻ, അഖിൽ ദാസ്, കെ.എൽ. റൈസൺ, പി.ജെ. സിനി, വിൻസി ഡേവിസ്, സുനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Share this story