നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

google news
court

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ തുടരന്വേഷണം നടത്തിയ മുഴുവന്‍ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതാണ് ഇന്ന് പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ രേഖകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ പരിശോധിച്ചതില്‍ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗ വാദം.
മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.

Tags