ഭിന്നശേഷിക്കുട്ടികള്‍ക്ക് നിയമസഭയ്ക്ക് മുമ്പില്‍ ഊഷ്മളമായ യാത്രയയപ്പ്

sdssssg

തിരുവനന്തപുരം:  പരിധികളില്ലാത്ത വിസ്മയങ്ങളിലേയ്ക്ക് പറക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഊഷ്മളമായ യാത്രയയ്പ്പ് നല്‍കി.  എംപവറിംഗ് വിത്ത് മാജിക്കല്‍ എന്ന രണ്ട് മണിക്കൂര്‍ നീളുന്ന കലാസന്ധ്യയൊരുക്കുവാന്‍ ദുബായിലേയ്ക്ക് പോകുന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് നിയമസഭാ സമുച്ഛയത്തിന് മുന്നില്‍ വച്ച് യാത്രയയപ്പ് നല്‍കിയത്.  

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ അഭിമാന താരങ്ങള്‍ മറ്റൊരു രാജ്യത്തെ അത്ഭുതപ്പെടുത്താന്‍ പുറപ്പെടുകയാണ്.  കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പറക്കുന്ന ഇവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കേണ്ടത് ഒരു പൊതുപ്രവര്‍ത്തകന്റെ കടമയാണെന്ന് ചടങ്ങില്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.  ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 ഭിന്നശേഷി സമൂഹത്തെ ശാക്തീകരിക്കുന്നതിനും അവര്‍ക്കും സമൂഹത്തില്‍ തുല്യമായൊരിടമുണ്ടെന്നും ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുള്ള പരിപാടികള്‍ വിദേശരാജ്യങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

  കെ.കെ രമ എം.എല്‍.എ, ഗോപിനാഥ് മുതുകാട്, നിയമസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.  കുട്ടികള്‍ക്കും സംഘത്തിനും മധുരം നല്‍കിയാണ് ആശംസകള്‍ നേര്‍ന്നത്.  തുടര്‍ന്ന് ദുബായിലേയ്ക്കുള്ള യാത്ര സ്പീക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 

 14ന് ദുബായ് സമയം രാത്രി 7നാണ് പരിപാടി.  ഷേക്ക് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ദുബായിലെ സാംസ്‌കാരിക സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.  സെറിബ്രല്‍ പാള്‍സി, എം.ആര്‍, വിഷ്വല്‍ ഇംപയര്‍മെന്റ്, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കുട്ടികളാണ് ഇന്ദ്രജാലവും സംഗീതവും നൃത്തവും ഉപകരണസംഗീതവും സ്‌കിറ്റുമൊക്കെ അടങ്ങുന്ന കലാവിരുന്ന് അതീവ കൃത്യതയോടെ അവതരിപ്പിക്കുന്നത്.  സംഘം 16ന് മടങ്ങിയെത്തും.

Share this story