ഗുരുവായൂരില്‍ ഗോപികാ നൃത്തം അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് തിരുപ്പതിയിലേക്ക് ക്ഷണം
ഗുരുവായൂര്‍: ഗുരുവായൂരില്‍ ഗോപികാ നൃത്തം അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് തിരുപ്പതിയിലേക്ക് ക്ഷണം.ജന്മാഷ്ടമി ദിനത്തില്‍ ഗുരുപവനപുരിയെ അമ്പാടിയാക്കി മാറ്റുന്ന ലോക പ്രശസ്തമായ ഉറിയടി, ഗോപിക നൃത്തം, രാധാമാധവ നൃത്തം, മയൂരനൃത്തം എന്നിവ തിരുപ്പതി ബ്രഹ്മോത്സവ ആഘോഷത്തിലെ സവിശേഷമായ ഗരുഢ സേവാദിനത്തിലും അരങ്ങേറുന്നു.
ജന്മാഷ്ടമി ദിനത്തില്‍ ഗുരുപവനപുരിയിലെത്തിയ ഭക്തജനസഹസ്രങ്ങളുടെ മനം കവര്‍ന്നെടുത്ത ഗോപികാനൃത്തിലെ വിവിധ കലാകാരന്മാര്‍ക്കാണ് തിരുപ്പതി ദേവന്റെ മുന്നിലേയ്‌ക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. തിരുപ്പതിയില്‍ നൃത്തചുവടുകള്‍ വെയ്‌ക്കാനായി ഒക്ടോബര്‍ 5 ന് ഗുരുവായൂരില്‍ നിന്നും യാത്ര തിരിച്ച്, 130 ഓളം കലാകാരന്മാര്‍ അഞ്ചിനങ്ങളിലായി തിരുപ്പതി ദേവന് മുന്നില്‍ ആടിതിമര്‍ക്കും.
സന്ധ്യയ്‌ക്ക് ദീപാരാധനയ്‌ക്കുശേഷമാണ് തിരുപ്പതിയിലേയ്‌ക്ക് യാത്ര തിരിയ്‌ക്കുന്നത്. ഇതോടൊപ്പം തിരുവാതിരയും, മോഹിനിയാട്ടവും കലാകാരന്മാര്‍ തിരുപ്പതി ദേവനുമുന്നില്‍ അവതരിപ്പിയ്‌ക്കും. കേരളത്തെ പ്രതിനിധീകരിച്ച് തിരുപ്പതി ബ്രഹ്മോത്സവത്തില്‍ പങ്കെടുക്കുന്ന ഈ സംഘത്തിനുള്ള യാത്ര, താമസം, ദര്‍ശന സൗകര്യം, ഭക്ഷണം, പരിപാടികളുടെ ഏകോപനം എന്നിവ ഒരുക്കുന്നത് തിരുപ്പതി ദേവസ്വത്തിനുകീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പാലക്കാട് ശ്രീനിവാസ ട്രസ്റ്റാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ ട്രസ്റ്റി അംഗങ്ങളായ കെ.ആര്‍. ദേവദാസ് (തിരുപ്പതി മാദേവയ്യര്‍), എസ്.കെ. മീനാക്ഷി, വിനോദ് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
ഗോപികാ നൃത്തത്തിന് സുനില്‍കുമാര്‍ ഒരുമനയൂരും, ഉറിയടിയ്‌ക്ക് ഉത്തര രാജീവും, രാധാമാധവ നൃത്തത്തിന് കലാക്ഷേത്ര മീരാസുധനും പരിശീലനം നല്‍കും. ഉറിയടിയില്‍ ആര്‍ദ്ര എസ്. നായര്‍, കൃഷ്ണശ്രീ, ആന്‍മിഘ, ഗൗരിനന്ദ എന്നിവര്‍ കൃഷ്ണവേഷമണിയുമ്പോള്‍, മാസ്റ്റര്‍ സായന്താണ് സുദാമാവാകുന്നത്. ഗോപികാ നൃത്തത്തില്‍ ഇന്ദുബാലയും, രാധാമാധവ നൃത്തത്തില്‍ അമൃതയും, കൃഷ്ണന്മാരാകുമ്പോള്‍, രാധമാരായി വൈഗ എസ്. നായരും, അനഘ പി. കൃഷ്ണകുമാറും വേഷമിടുന്നു. ഹരികുമാറിന്റെ നേതൃത്വത്തില്‍ മയൂരനൃത്തവും, പ്രിയ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും, സിനി ആര്‍ട്ടിസ്റ്റ് ചാന്ദ്നി ഷൈജുവിന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടവും അരങ്ങിലെത്തും.