ചിറക്കാക്കോട് വീട് കുത്തിത്തുറന്ന് 53 പവന്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍

google news
fj



തൃശൂര്‍: ചിറക്കാക്കോട് വീട് കുത്തിത്തുറന്ന് 53 പവന്‍ കവര്‍ന്ന കേസിലെ പ്രതിയെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വാഴയില്‍ പുത്തന്‍വീട്ടില്‍ ഷിബുവാണ് കവര്‍ച്ച നടത്തിയത്. തൃപ്പാക്കല്‍ ചന്ദ്രന്റെ വീടാണ് കുത്തിത്തുറന്നത്. ജനുവരി 10ന് പുലര്‍ച്ചെ കുത്തിത്തുറന്ന് ബെഡ്‌റൂമിലെ ഇരുമ്പ് മേശയുടെ വലിപ്പിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന 53 പവനോളം തൂക്കംവരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. സ്വര്‍ണാഭരണങ്ങള്‍ക്ക് 25 ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് അറിയിച്ചു.

വീട്ടുടമ ചന്ദ്രനും ഭാര്യ ലളിതയും ഡിസംബര്‍ 22ന്് ബംഗളൂരുവിലുളള മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. വീട്ടില്‍ സ്ഥിരമായി ജോലിക്ക് വന്നിരുന്ന സ്ത്രീ കവര്‍ച്ച
നടന്ന ദിവസം രാവിലെ വീട് വൃത്തിയാക്കുന്നതിനായി വന്ന സമയത്താണ് വിവരം ആദ്യം അറിയുന്നത്. വീടിന് പിറകുവശത്തെ വാതില്‍ പൊളിച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിളിച്ചറിയിച്ചു. നാട്ടുകാരും ബന്ധുക്കളുമെത്തി അകത്ത് കയറി നോക്കിയപ്പോഴാണ് ബെഡ്‌റൂമിലെ മേശ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചു.

സ്വര്‍ണമടങ്ങിയ പെട്ടി മേശയില്‍ സൂക്ഷിച്ചിരുന്നതായി ഇവര്‍ അറിയിച്ചതോടെയാണ് മോഷണം നടന്നുവെന്ന് ബോധ്യപ്പെട്ടത്. മണ്ണുത്തി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയിലും സമീപത്തെ സി.സി.ടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍നിന്നുമാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

പത്തനംതിട്ടക്കാരനായ ഷിബു കഴിഞ്ഞ ഏഴു വര്‍ഷമായി ചിറക്കാക്കോട് വാടകയ്ക്ക് താമസിക്കുകയാണ്. ഷിബുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് ഷിബുവാണെന്ന് വ്യക്തമായിരുന്നു. ഷിബുവിനെ അറസ്റ്റ്‌ചെയ്ത് വീട്ടില്‍ പരിശോധന നടത്തിയതില്‍നിന്നും സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഷിബുവിന്റെ വീട്ടില്‍ നിന്നും ഷിബുവിന്റെ സുഹൃത്തായ ചിറക്കാക്കോട് സ്വദേശി ലതീഷിന്റെ സഹായത്തോടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരുന്നു.

പോലീസ് കവര്‍ച്ച നടത്തിയ മുഴുവന്‍ സ്വര്‍ണവും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരേ വളപട്ടണം, കേളകം, പീച്ചി, വലപ്പാട് സ്റ്റേഷനുകളിലായി മോഷണ കേസുകളടക്കമുണ്ട്്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മണ്ണുത്തി എസ്.ഐയുടെ നേതൃത്വത്തിലാണ്  പ്രതിയെ പിടികൂടിയത്. പ്രദീപ്കുമാര്‍ കെ, ജയന്‍ കെ.എസ്, ശീജ, ജോഷി, അജിത്ത് എം.എ,  പ്രദീപ് എ.എസ്, വിനീഷ് പി.വി, നിരാജ്, ഷാഡോ പോലീസ് അംഗങ്ങളായ ഗോപാലന്‍, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Tags