കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ
Remand suspect

കാസർകോട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.

 കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അമീര്‍ അലി ഓടി രക്ഷപ്പെട്ടത്. കാസർകോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ  എത്തിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. സംഭവത്തിൽ കണ്ണൂർ എ.ആർ. ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ സജീവൻ, സിപിഒമാരായ ജസീർ, അരുൺ എന്നിവരെയാണ് ഡിഐജി രാഹുൽ ആർ.നായർ സസ്പെൻഡ് ചെയ്തത്.

മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായി അമീർ അലി പിടിയിലാകുന്നത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. അമീർ അലി വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Share this story