തിരുവനന്തപുരത്ത് മാരകായുധങ്ങൾ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
arrest

മാരകായുധങ്ങൾ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ന​ഗരത്തിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തമ്പാനൂർ രാജാജി നഗർ ഫ്ളാറ്റ് നമ്പർ ബി നാലിൽ താമസിക്കുന്ന പ്രബിത്തിനെയാണ് (35) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഞായറാഴ്ച രാത്രി ഡി.പി.ഐ ജംഗ്ഷന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രബിത്തും കൂട്ടാളികളും ചേർന്ന് ജോമോൻ എന്നയാളെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സംഘത്തിലെ അരുൺഗോപൻ, ബിജു എന്നിവരെ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രബിത്തിനെ സിറ്റി പൊലീസ് കുടുക്കിയത്.

കന്റോൺമെന്റ്, നെയ്യാറ്റിൻകര, കാഞ്ഞിരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, കഞ്ചാവ് വില്പന, അടിപിടിക്കേസ് എന്നിവയുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രബിത്ത്. ഇയാൾ കാപ്പ നിയമപ്രകാരം അഞ്ച് തവണ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Share this story