വിഷുനാളിൽ വീട്ടിൽ കയറി അതിക്രമം : കണ്ണൂരിൽ മൂന്നുപേർ റിമാൻഡിൽ
arrest

ന്യൂ മാഹി : പള്ളൂർ, പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാക്കുനിയിലെ വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ മൂന്നു പേരെ ന്യൂമാഹി കോടതി റിമാൻഡ് ചെയ്തു. 12 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്.പന്തക്കലിലെ ചിന്നൻ എന്ന് വിളിക്കുന്ന കുഞ്ഞിപ്പറമ്പത്ത് ഷിനോജ് (30), പന്തോകൂലോത്ത് ഡ്രീംസിലെ ആദി എന്ന ആദിത്ത് (32), പന്ത ക്കൽ കിഴക്കെക്കാട്ടിലെ ജിത്തു എന്ന് വിളിക്കുന്ന പ്രഭിജിത്ത് (29) എന്നിവരെയാണ് പന്തക്കൽ എസ്.ഐ. പി.പി.ജയരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്.

കേസിലെ മറ്റൊരു പ്രതിയായ പന്തക്കൽ വെള്ളോക്ക് കിഴക്കയിൽ ആകാശ് (23) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 15ന് വിഷുനാളിലെ തിറയുത്സവത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എത്തിയത്.പന്തക്കൽ പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും നീക്കിയെങ്കിലും മദ്യലഹരിയിലായിരുന്ന സംഘം മാക്കുനിയിലെത്തി വീണ്ടും അടിയുണ്ടാക്കി.

മാക്കുനിയിലെ മാത്തോട്ടത്തിൽ പ്രേമരാജിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം പ്രേമരാജിന്റെ സഹോദരിയെ കൈയേറ്റം ചെയ്തതിനെത്തുടർന്ന് ഇവരുടെ വലതുകൈക്ക് പരിക്കേറ്റു. വീട്ടിലെ ഭക്ഷണമേശ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. വിഷുദിനത്തിൽ കഴിക്കാനുണ്ടാക്കിവെച്ച ഉച്ചഭക്ഷണം വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.

Share this story