യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

Arrest warrant for Youth League General Secretary PK Firoz
Arrest warrant for Youth League General Secretary PK Firoz

തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസിലെ ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച്  യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൽപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. 

ഫിറോസിന്റെ ജാമ്യവ്യവസ്ഥയിൽ പറഞ്ഞ പ്രധാനകാര്യം പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നായിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരമായി അഭിഭാഷകൻതന്നെയാണ് ഫിറോസ് തുർക്കിയിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 

Tags