പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം സജീവ സാന്നിധ്യം; കണ്ണാടിക്കലിന്‍റെ പ്രിയ പുത്രനെ ഒരു നോക്ക് കാണാൻ കണ്ണീരോടെ നാട്ടുകാർ

Arjun's final resting place at home
Arjun's final resting place at home

കോഴിക്കോട്: കണ്ണാടിക്കളിലെ നാട്ടുകാരുടെ പ്രിയപ്പെട്ട മുഖമായിരുന്നു അർജുൻ. ജോലിക്ക് പോവാത്ത സമയത്തൊക്കെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ. ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്ന, ആ ഗ്രാമത്തിനാകെ പരിചിതനായ ആളാണ് അർജുൻ. ഇതുപോലൊരു സങ്കടം വേറെയില്ലെന്നും എല്ലാ കാര്യത്തിനും അർജുൻ ഉണ്ടാകുമായിരുന്നു മുമ്പിലെന്നും നാട്ടുകാർ പറയുന്നു.

70 ദിവസത്തിലേറെയായി ആ ഗ്രാമമാകെ സങ്കടത്തിലായിരുന്നു. ഞങ്ങൾക്ക് ഇത്രയും സങ്കടമുണ്ടെങ്കിൽ ആ കുടുംബത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്നും അവർക്ക് സമാധാനം കൊടുക്കണേയെന്നാണ് പ്രാർത്ഥനയെന്നും അയൽവാസികൾ പറഞ്ഞു. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സഹായ സന്നദ്ധനായി മുൻനിരയിലുണ്ടായിരുന്നു അർജുൻ. ഗ്രാമത്തിൽ എല്ലാ വർഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്നം നേരിടുമ്പോൾ ലോറിയിൽ വെള്ളമെത്തിക്കാൻ അർജുൻ മുന്നിലുണ്ടാകുമായിരുന്നു. ലോറിയിൽ പോവാത്ത സമയത്തൊക്കെ നാട്ടിലെ ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നു. കണ്ണാടിക്കലിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അർജുനെന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ തന്നെയെത്തിയ നാട്ടുകാർ പറയുന്നു. 

അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നും ഇത്രയും ദിവസം കരുതിയെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു. നാട്ടുകാർക്ക് സഹോദരനോ മകനോ ഒക്കെയായിരുന്നു അർജുനെന്ന് പറയുമ്പോൾ, ഒരുനോക്ക് കാണാൻ വീടിന് മുന്നിലെത്തിയ സ്ത്രീകളുടെ കണ്ണ് നിറഞ്ഞു. 

ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിലാപയാത്ര നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ട് വിലാപയാത്ര കണ്ണാടിക്കലില്‍ എത്തും. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കും. പിന്നീട് നാട്ടുകാർക്ക് ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

Tags