അർജുൻ മകനുവേണ്ടി സൂക്ഷിച്ചിരുന്ന കളിപ്പാട്ടം കാണുമ്പോൾ വേദന തോന്നുന്നു;സാധ്യമായതെല്ലാം കർണാടക ചെയ്തു;എം.എൽ.എ. സതീശ്കൃഷ്ണ സെയിൽ
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയുടെ തീരത്ത് 72 നാൾ നീണ്ട രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എം.എൽ.എ. സതീശ്കൃഷ്ണ സെയിൽ കണ്ണാടിക്കലിലെ വീടുവരെ അർജുന്റെ ചേതനയറ്റ മൃതദേഹത്തെ അനുഗമിച്ചു. അർജുൻ മകനുവേണ്ടി സൂക്ഷിച്ചിരുന്ന കളിപ്പാട്ടം കാണുമ്പോൾ തനിക്ക് വേദന തോന്നുന്നുവെന്ന് എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക് നൽകുന്ന അതേ പിന്തുണയും സ്നേഹവും അർജുന് തങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മകനുവേണ്ടി കൊണ്ടുവന്ന കളിപ്പാട്ടം കണ്ടപ്പോൾ ഏറെ വേദന തോന്നി. കേരളത്തിലെ ജനപ്രതിനിധികൾ വളരെയധികം സഹായിച്ചു. രക്ഷാദൗത്യത്തിനിടെ കെ.സി. വേണുഗോപാൽ നിരവധി തവണ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം വിളിച്ചു. രക്തസാമ്പിളുകള്‍ എടുത്ത് വെക്കാന്‍ വേണുഗോപാല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡി.എന്‍.എ. ടെസ്റ്റിന് മുമ്പ് തന്നെ അര്‍ജുന്റെ സഹോദരന്റെ രക്തം ശേഖരിച്ച് വച്ചിരുന്നു'- സതീശ് കൃഷ്ണ സെയില്‍ പറഞ്ഞു.
ആദ്യദിവസം മുതൽ അർജുനെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്ന് മുതൽ ആവശ്യമായി അന്ന് മുതല്‍ സാങ്കേതിക ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തി. പിന്നീടാണ്, ഡ്രഡ്ജര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഗോവയില്‍നിന്ന് ഡ്രെഡ്ജറും എത്തിച്ചു. കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അർജുനെ ജീവനോടെ രക്ഷിക്കാനായില്ല. എല്ലാത്തിനും ഒപ്പം നിന്ന മാധ്യമങ്ങൾക്ക് നന്ദി. അപകടസ്ഥലത്ത് നിന്നും അവർ ഒരിക്കലും പിന്തിരിഞ്ഞ് പോയില്ല. രക്ഷാദൗത്യത്തിൽ വലിയ പങ്കുവഹിക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചു. ഈശ്വർ മാൽപെയും മികച്ച രീതിയിൽ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.