മലയാളികൾ ഒന്നടങ്കം കാത്തിരുന്ന നിമിഷം; ഒടുവിൽ 72ാം ദിനം അര്‍ജുനെ കണ്ടെത്തി; തിരച്ചിലിന്റെ നാൾവഴികൾ..

Arjun missing body found in Shirur landslide
Arjun missing body found in Shirur landslide

അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് കർണാടക ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെയാണ് തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായത്.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽനിന്നു കണ്ടെത്തിയത് എഴുപത്തിരണ്ടാം ദിനമാണ്. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് കർണാടക ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെയാണ് തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായത്. മലയാളക്കര ഒന്നടങ്കം പ്രാർത്ഥനയോടെ തള്ളിനീക്കിയ ദിവസങ്ങളായിരുന്നു ഇതുവരെ. തിരച്ചിലിന്റെയും കാത്തിരിപ്പിന്റെയും നാൾവഴികൾ  ഇങ്ങനെയായിരുന്നു..

arjun missing karnataka

ജൂലൈ 16 - ഷിരൂരിലെ ദേശീയപാത 66 ന്റെ ഒരു ഭാഗത്തെ ചെങ്കുത്തായ മലനിരകൾ ഇടിഞ്ഞുവീണ് അർജുന്റെ ലോറിയുൾപ്പെടെ കാണാതാകുന്നു. അപകടം നടക്കുമ്പോൾ പാതയോരത്ത് നിർത്തിയിട്ടിരുന്നത് മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും. വാഹനങ്ങൾ റോഡിലെ മൺകൂനയ്ക്ക് അടിയിലാണോ അതോ റോഡിനു സമാന്തരമായി ഒഴുകുന്ന ഗംഗാവലി പുഴയിലേക്കു വീണോ എന്നതിൽ വ്യക്തതക്കുറവ്.

ജൂലൈ 19 - സംഭവസ്ഥലത്തെത്തിയ അർജുന്റെ അനിയനുൾപ്പെടെയുള്ളവർ തിരച്ചിൽ പേരിനു മാത്രമെന്ന കാര്യം മാധ്യമങ്ങളെ അറിയിക്കുന്നു. കോഴിക്കോട് എം.പി.രാഘവനെയും വിവരമറിയിക്കുന്നു. 

ജൂലൈ 20 - റഡാർ എത്തിച്ചുള്ള പരിശോധനയിൽ മണ്ണിനടിയിൽനിന്ന് മൂന്നു സിഗ്നലുകൾ ലഭിച്ചു. ജിപിഎസ് ലൊക്കേഷൻ കാണിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചു. 

ജൂലൈ 21 - രക്ഷാപ്രവർത്തനം പതുക്കെയാണെന്ന് കാണിച്ച് അർജുന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തിരച്ചിലിന് കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സംഘമെത്തുന്നു. റോഡിൽ വീണ 98 ശതമാനം മണ്ണും മാറ്റി. ട്രക്കിന്റെ സൂചനയില്ലാത്തതിനാൽ തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് നീളുന്നു

ജൂലൈ 22 - കരയിൽ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ട് നിന്നുള്ള 18 പേരടങ്ങുന്ന സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരിച്ചു. പുഴയിൽ കണ്ടെത്തിയ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്ക്കെത്തിച്ചു. 

arjun mission

ജൂലൈ 23 - ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നുതന്നെ സോണാർ സിഗ്നൽ ലഭിച്ചു. തിരച്ചിലിൽ, അപകടത്തിൽ കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന് കൂരാച്ചുണ്ട് റെസ്ക്യൂ ടീമും സ്ഥലത്തെത്തി. 

ജൂലൈ 24 - അർജുനു വേണ്ടിയുള്ള തിരച്ചിൽ വൈകിയില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ 

ജൂലൈ 25  - ഷിരൂരിൽ തിരച്ചിലിന് മലയാളിയായ റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ എത്തുന്നു. മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടു. 

ജൂലൈ 26 - അർജുനെ കണ്ടെത്താൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു

ജൂലൈ 27 - അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും. ദൗത്യം ഏറ്റെടുത്ത് ‘ഈശ്വർ മാൽപെ’ സംഘം.

ജൂലൈ 28 - അർജുന് വേണ്ടിയുള്ള തിരച്ചിൽ താല്ക്കാലികമായി നിർത്തി കർണാടക. കേരളം എതിർപ്പ് അറിയിച്ചതോടെ, ദൗത്യം തുടരുമെന്ന് വിശദീകരണം.

ജൂലൈ 30 - ഡ്രജർ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ സ്ഥലത്തെത്തി. തിരച്ചിൽ സാധ്യമെന്ന് പ്രതിനിധികൾ.

ഓഗസ്റ്റ് 7 - അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി; ജൂനിയർ ക്ലർക്കായി താല്‍ക്കാലിക നിയമനം

ഓഗസ്റ്റ് 10 - ഗാവലി പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞതോടെ അർജുനു വേണ്ടി വീണ്ടും തിരച്ചിൽ ആരംഭിച്ചു.

arjun missing karnataka

ഓഗസ്റ്റ് 13 - ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും മരവാതില്‍ ഭാഗവും കണ്ടെത്തി.

ഓഗസ്റ്റ് 14 - നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്. 

ഓഗസ്റ്റ് 15 - അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഈശ്വര്‍ മല്‍പെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങല്‍ വിദഗ്ധരും

ഓഗസ്റ്റ് 16 - അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു. 

സെപ്റ്റംബർ 18 - ഗോവയിൽ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രജർ കാർവാറിൽ എത്തിച്ചു.

സെപ്റ്റംബർ 20 - അർജുനടക്കം 3 പേർക്കായി ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. 

സെപ്റ്റംബർ 21 - ഗംഗാവലിപ്പുഴയിൽ നിന്ന് സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങൾ എന്നിവ കണ്ടെത്തി. ആദ്യം അർജുന്റെ ലോറിയുടേതെന്നു കരുതിയെങ്കിലും പിന്നീട് അല്ലെന്നു സ്ഥിരീകരിച്ചു.

Arjun missing body found in Shirur landslide

സെപ്റ്റംബർ 22 - പുഴയിൽ നിന്ന് ഒരു അസ്ഥിക്കഷണം ലഭിച്ചു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വര്‍ മല്‍പെ തിരച്ചിൽ നിർത്തി മടങ്ങി.

സെപ്റ്റംബർ 23 - തിരച്ചിലിന് മലയാളിയായ റിട്ട.മേജർ ജനറൽ എം. ഇന്ദ്രബാല‍നും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും എത്തി. 

സെപ്റ്റംബർ 25 - അർജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളിൽ  മൃതദേഹവും കണ്ടെത്തി.

Tags