മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടും; ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന്
arif mohammad khan governor
രാവിലെ 11.45 നാണ് ഗവർണറുടെ വാർത്താസമ്മേളനം. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന്. മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കടുപ്പിക്കാൻ അസാധാരണ നീക്കമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്.

രാവിലെ 11.45 നാണ് ഗവർണറുടെ വാർത്താസമ്മേളനം. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം.

മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്ത സമ്മേളനം എന്നാണ് രാജ്ഭവന്‍റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്.

എന്തൊക്കെയാകും ദൃശ്യങ്ങളിൽ എന്നാണ് ആകാംക്ഷ. ചാൻസലര്‍ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് അറിയിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ എന്തൊക്കെ കൂടുതൽ കാര്യങ്ങളുണ്ടാകുമെന്നാണ് അടുത്ത ആകാംക്ഷ. അതിനുമപ്പുറം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്.

രണ്ടും കല്‍പ്പിച്ച് നീങ്ങാൻ തന്നെയാണ് ഗവര്‍ണര്‍ വാർത്താ സമ്മേളനം വിളിച്ചതെന്ന് ഉറപ്പിക്കുമ്പോഴും സർക്കാരും സിപിഎം നേതൃത്വവും ഇതിനെ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും ഗവർണറുടെ പക്കലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. കെ കെ രാഗേഷിന്‍റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ തുറന്നടിച്ചിരുന്നു.

Share this story