തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ആം ആദ്മിയുടെ ഉള്ളിലിരിപ്പ് ഇന്നറിയാം
aravind kejriwal

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍  ട്വന്റി ട്വന്റി-ആം ആദ്മി പിന്തുണ ഏത് മുന്നണിക്കാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് പ്രഖ്യാപിക്കും.കെജ്രിവാള്‍ ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ സംഗമത്തിലാകും കെജ്‌രിവാളിന്റെ പ്രഖ്യാപനം നടക്കുക. യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി നാലാം മുന്നണിയുടെ സാധ്യതയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വന്റി-ട്വന്റിയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.ഇന്ന് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ കിഴക്കമ്ബലത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ പുതിയ മുന്നണി സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതിനു പ്രധാനകാരണമായി പറയുന്നത്, 2024ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലു​ള്‍പ്പെടെ വലിയ രീതിയില്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമാണ്. ഇരുമുന്നണികള്‍ക്കും പിന്തുണ നല്‍കാതെ, മനഃസാക്ഷിയുടെ വോട്ടെന്ന ലൈന്‍ സ്വീകരിക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ ട്വന്റി ട്വന്റിയും, ആം ആദ്മിയും സംയുക്തമായി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നേതൃത്വത്തിനിടയില്‍ രണ്ടഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് വേണ്ടെന്ന് വെച്ചത്.

ട്വന്റി ട്വന്റിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച്‌ ഇരുമുന്നണിയിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണ് അറിയുന്നത്. ട്വന്റി ട്വന്റി പിന്തുണ തന്നാല്‍ സ്വാഗതം ചെയ്യുമെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 13897 വോട്ടുകള്‍ ട്വന്റി ട്വന്റി നേടിയിരുന്നതിനാല്‍, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ പിന്മാറ്റവും, പിന്തുണയും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്.

Share this story