തളിപറമ്പിലെ ക്ഷേത്രപരിസരത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നുവെന്ന കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ ആരോപണം തളളി പൊലിസ് രഹസ്യാന്വേഷണ വിഭാഗം

google news
Black magic wasnt performed in Rajarajeshwara temple clarifies Shivakumar
കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ ആരോപണം തളളി പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു 

തളിപറമ്പ് : തളിപറമ്പില്‍ ക്ഷേത്രപരിസരം കേന്ദ്രീകരിച്ചു കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനായി മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നുവെന്ന  കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ആരോപണം തളളി കേരള പൊലിസ് രഹസ്യാന്വേഷണ വിഭാഗം. 

കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞ രീതിയില്‍ കൂടോത്രവും മൃഗബലിയും നടന്നിട്ടില്ലെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേരള ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. നിരവധി മൃഗങ്ങളെ ബലികഴിച്ചുളള പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കര്‍ണാടക രഹസ്യാന്വേഷണ വിഭാഗവും തളിപറമ്പിലും പഴയങ്ങാടി മാടായിയിലുമെത്തി അന്വേഷണം നടത്തിയിരുന്നു. 

കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായ കേരളത്തിലെ കണ്ണൂരില്‍  തനിക്കെതിരായി മൃഗബലി നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തില്‍ മാടായിക്കാവ് ക്ഷേത്രത്തിലെ പൂജാരികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.  പ്ടാരന്മാര്‍ എന്നറിയപ്പെടുന്ന വിഭാഗമാണ് മാടായിക്കാവില്‍ പൂജ നടത്തുന്നത്. 

ഇവരുടെ വീടുകളിലാണ് പരിശോധന  നടത്തിയത്. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ കേരളത്തില്‍ ദര്‍ശനം നടത്താറുള്ള പ്രധാന ക്ഷേത്രമാണ് മാടായിക്കാവ്.  സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് പരിശോധന നടത്തിയത്.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ ആരോപണം വന്‍വിവാദമുയര്‍ത്തിയിരുന്നു.  കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ആരുടെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

Tags