ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ല;കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ ആനത്തലവട്ടം ആനന്ദന്‍
anandhan

കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ലെന്നും അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരം നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ വൈദ്യുതിഭവനില്‍ കടക്കുന്നത് പോലീസ് തടഞ്ഞു. തുടര്‍ന്ന് വൈദ്യുതി ഭവന് പുറത്ത് സമരം നടത്തി.

ജോലിക്കെത്തിയവരെ അകത്തു പ്രവേശിക്കാന്‍ അനുവദിച്ചു. സമരം ഘടകകക്ഷികള്‍ക്കും മന്ത്രിമാര്‍ക്കും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലം മാറ്റിയാല്‍ നിങ്ങള്‍ ഭരണം സ്തംഭിപ്പിക്കില്ലേയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.

Share this story