ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവുകണ്ടെത്തി : ആലപ്പുഴക്കാരൻ ആപ്പിൾ ഹോൾ ഓഫ് ഫെയിമിൽ
ananthakrishnan

ആലപ്പുഴ: ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവുകണ്ടെത്തിയ കുട്ടനാട് സ്വദേശി ആപ്പിളിന്റെ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംനേടി. മങ്കൊമ്പ് കൃഷ്ണവിഹാറില്‍ കൃഷ്ണകുമാറിന്റെ മകനും പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളേജ് ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ കെ.എസ്. അനന്തകൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്.

ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. വിവരം ആപ്പിളിന്റെ എന്‍ജിനിയര്‍മാരെ അറിയിക്കുകയും അവരതു പരിഹരിക്കുകയും ചെയ്തു. എന്നാല്‍, അതിലൂടെ പുതിയ അക്കൗണ്ടുകള്‍ക്കു മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനില്‍ക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണന്‍ ആപ്പിളിനു കൈമാറി. അതും പരിഹരിച്ചുവരുകയാണ്.

ഹോള്‍ ഓഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിനൊപ്പം 2500 യു.എസ്. ഡോളറും ആപ്പിള്‍ സമ്മാനമായി നല്‍കി. മുന്‍പ് ഗിറ്റ് ഹബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹോള്‍ ഓഫ് ഫെയിമിലും അനന്തകൃഷ്ണന്‍ ഇടംനേടിയിരുന്നു.

പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മുതല്‍ എത്തിക്കല്‍ ഹാക്കിങ് രംഗത്ത് ഗവേഷണംനടത്തിവരുന്ന അനന്തകൃഷ്ണന്‍ കേരള പോലീസ് സൈബര്‍ ഡോമിലംഗമാണ്.ചമ്പക്കുളം ഫാ. തോമസ് പോരുക്കര സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപിക ശ്രീജാ കൃഷ്ണകുമാറാണ് അമ്മ. സഹോദരി: ഗൗരി പാര്‍വതി.

Share this story