ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
Aug 27, 2024, 22:47 IST
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാൽ (45) ആണ് അറസ്റ്റിലായത്. സുനിലാലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ശുചിമുറിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.