ദിവ്യയ് ക്കെതിരെ സോഷ്യൽ മീഡിയ ബുള്ളിങ് നടത്തുന്നവരിൽ ഇടത് സൈബർ പോരാളികളും: ഇടപെടാതെ സി.പി.എം നേതൃത്വം
ദിവ്യയ്ക്ക് പാലക്കയം തട്ടിലെ ടൂറിസം സെൻ്ററിൽ ബിനാമി ഭൂമിയുണ്ടെന്ന ആരോപണവും മറ്റു ചില റിയൽ എസ്റ്റേറ്റ് ആരോപണങ്ങളുമാണ് ഇവർ ഉന്നയിക്കുന്നത്
കണ്ണൂർ: എ.ഡി. എമ്മിൻ്റെ ആത്മഹത്യയെ തുടർന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സൈബർ അക്രമം പ്രതിരോധിക്കാതെ സി.പി.എം നേതൃത്വം. രാഷ്ട്രീയ എതിരാളികൾ മാത്രമല്ല സൈബർ സഖാക്കളുടെ ഗ്രൂപ്പുകളും ദിവ്യ യ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ദിവ്യയ്ക്ക് പാലക്കയം തട്ടിലെ ടൂറിസം സെൻ്ററിൽ ബിനാമി ഭൂമിയുണ്ടെന്ന ആരോപണവും മറ്റു ചില റിയൽ എസ്റ്റേറ്റ് ആരോപണങ്ങളുമാണ് ഇവർ ഉന്നയിക്കുന്നത്.
ഇതേ തുടർന്ന് ദിവ്യയെ വ്യക്തിപരമായി അവഹേളിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാഹചര്യത്തിലാണ് ദിവ്യയുടെ ഭർത്തവും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ ഓഫിസ് അസിസ്റ്റൻ്റുമായ ' വി.പി അജിത്ത് കണ്ണപുരം പൊലിസിൽ പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളോടെ അജിത്ത് നൽകിയ പരാതിയിൽ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ കുറ്റപ്പെടുത്തല്‍ പ്രസംഗത്തില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് ആരോപണം. സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി ദിവ്യ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതില്‍ ഹരജി സമർപ്പിട്ടിട്ടുണ്ട്.
തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നും ജില്ലാ കലക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.എന്നാല്‍ പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുണ്‍ കെ. വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീതയ്ക്ക് നല്‍കിയ പരാതിയിലും ജില്ലാ കലക്ടർ ഈക്കാര്യം ആവർത്തിച്ചിട്ടുണ്ട്.