അമീബിക് മസ്തിഷ്ക ജ്വരം: കുളിക്കാനോ അലക്കാനോ മീൻ പിടിക്കാനോ ആരും പുഴയിൽ ഇറങ്ങരുത്; കടലുണ്ടിപ്പുഴയിലെ 5 കടവുകളിലും നിയന്ത്രണം

google news
kadalundi

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ 5 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക അറിയിച്ചു. ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.പി.മുനീർ, മെഡിക്കൽ ഓഫിസർ ഡോ.പി.മുഹമ്മദ് റഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ ഹസിലാൽ എന്നിവരുടെ നേതൃത്വത്തിൽ നാലു ടീമുകളായി തിരിഞ്ഞു രോഗബാധിതയുടെ വീടും പരിസരപ്രദേശങ്ങളും സന്ദർശിക്കുകയും കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. കൂടാതെ പനി ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ സർവേ നടത്തി. 

പനിക്കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കളിയാട്ടമുക്ക് പ്രദേശത്തെ കടലുണ്ടിപ്പുഴയിലെ 5 കടവുകളിലും ആളുകൾ പുഴയിൽ ഇറങ്ങുന്നതിനു നിയന്ത്രണമേർപ്പെടുത്തി. കുളിക്കാനോ അലക്കാനോ മീൻ പിടിക്കാനോ ആരും പുഴയിൽ ഇറങ്ങരുതെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. കുട്ടികൾ പരമാവധി പുഴയിലിറങ്ങരുതെന്നും അഭ്യർഥിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പുഴയുമായി ബന്ധപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം. 

രോഗലക്ഷണമുള്ളവർ ആരോഗ്യപ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ അറിയിക്കണമെന്നും നിർദേശമുണ്ട്. രോഗം സംബന്ധിച്ച നിരീക്ഷണം ഇന്നും തുടരും. കൂടാതെ ബോധവൽക്കരണ നോട്ടിസുകൾ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വാർഡിലെയും പരിസരപ്രദേശത്തെയും വീടുകളെ ഉൾപ്പെടുത്തിയുള്ള വാട്സാപ് ഗ്രൂപ്പുകളിൽ മെഡിക്കൽ ഓഫിസറുടെ സന്ദേശം ഇതിനകം തന്നെ നൽകിയിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ കുടുംബമടക്കം 3 കുടുംബങ്ങളിലെ 14 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതിൽ മറ്റു 3 കുട്ടികൾക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരി, പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകൻ, ഏഴു വയസ്സുള്ള മകൾ എന്നിവർക്കാണ് രോഗലക്ഷണങ്ങളുള്ളത്.