‘എഎംഎംഎ പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ത്രീകൾ വരണം’ : നടി രഞ്ജിനി
തിരുവനന്തപുരം : എഎംഎംഎ ഭാരവാഹികളായി സ്ത്രീകൾ വരണമെന്ന് നടി രഞ്ജിനി. പ്രസിഡണ്ട് സ്ഥാനത്തേക്കും സ്ത്രീ വരണം. പുരുഷൻ തന്നെയാകണം എന്ന് എന്തിനാണ് നിർബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും രഞ്ജിനി പറഞ്ഞു.
ഇനി കോൺക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാർശകൾ ഉടൻ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചർച്ചയുടെ ആവശ്യമില്ല. ട്രിബൂണൽ സംവിധാനം കൊണ്ടുവരണം. കരാർ ഉണ്ടാകണം. ഇപ്പോൾ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്. ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രഞ്ജിനിയുടെ ഹർജി കോടതി പരിഗണിച്ചില്ല. തുടർന്ന് അന്നുതന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെെളിപ്പെടുത്തലുകളിൽ കുറ്റാരോപിതരായവർ അടക്കം ഉൾപ്പെട്ട സാഹചര്യത്തിൽ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.
കുറ്റാരോപിതനായ നടൻ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ എഎംഎംഎയുടെ തലപ്പത്ത് വനിതകൾ വരണമെന്ന ആവശ്യമാണിപ്പോൾ ഉയരുന്നത്.