ആലപ്പുഴയിൽ പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തി വയോധികയുടെ വളയുമായി കടന്നു
crime

 

അമ്പലപ്പുഴ : പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വയോധികയുടെ ഒരു പവൻ തൂക്കം വരുന്ന വളയുമായി കടന്നു. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്‍റെ വളയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

ഈ സമയം മേരി ഫ്രാൻസിസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാന്‍റ്സും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. ഈ വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസമുണ്ടെന്നും പറഞ്ഞു. പ്രയാസങ്ങൾ മാറാൻ താൻ പ്രാർഥന നടത്താമെന്ന് പറഞ്ഞ് ഇയാൾ തലയിൽ കൈകൊണ്ട് ഉഴിഞ്ഞശേഷം കൈയിൽക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു.

എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോൾ പ്രാർഥനക്കാണെന്നും വൈകീട്ട് അഞ്ചിന് തിരികെ നൽകാമെന്നും പറഞ്ഞ് പോകുകയായിരുന്നു. വൈകീട്ടും ഇയാളെ കാണാതിരുന്നതിനെത്തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്താൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story