ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതി ; അധ്യാപകനെതിരെ നടപടി
അധ്യാപകനില്‍ വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ഗൈഡ് പദവി തിരിച്ച് നല്‍കില്ലെന്നും വി സി വ്യക്തമാക്കി.
ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്ഡി ഗൈഡുമായ ഡോ.അസീസ് തരുവണക്കെതിരെയാണ് നടപടി.
സര്‍വകലാശാല ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ നടപടിയെടുത്തത്. അധ്യാപകനില്‍ വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ഗൈഡ് പദവി തിരിച്ച് നല്‍കില്ലെന്നും വി സി വ്യക്തമാക്കി.
ലൈംഗികച്ചുവയോടെ പെരുമാറുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്നായിരുന്നു അസീസ് തരുവണയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തിയ വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇയാള്‍ക്ക് കീഴില്‍ ഗവേഷണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗവേഷകര്‍ നിലപാടെടുത്തതോടെ പരാതിക്കാരടക്കമുള്ള നാല് ഗവേഷകര്‍ക്ക് മറ്റ് ഗൈഡുമാരുടെ സേവനം ലഭ്യമാക്കി. 2015-2016ല്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.