മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം : അറസ്റ്റിലായ പൊലീസുകാരന് സസ്പെന്‍ഷന്‍

google news
alappuzha

ആലപ്പുഴ : പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് വകുപ്പുതല നടപടി. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി പൊലീസ് റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിൽ റെനിസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുണ്ടായത്. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. 

വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

നജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ നജ്ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Tags