ആലപ്പുഴയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, 4 പേര്‍ അറസ്റ്റില്‍
alappuzha robbery

 

മാന്നാര്‍: ആലപ്പുഴയില്‍ 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദു (22)വിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് കായംകുളം പത്തിയൂര്‍ എരുവ ജിജിസ് വില്ലയില്‍ ഹാഷിമിന്റെ മകന്‍ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), മാന്നാര്‍ വലിയകുളങ്ങര ഗംഗോത്രി കണ്ണന്‍കുഴിയില്‍ വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ രജിത്ത് (22), ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനില്‍ വിക്രമന്റെ മകന്‍ അരുണ്‍ വിക്രമന്‍ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂര്‍ വീട്ടില്‍ ഉദയകുമാറിന്റെ മകന്‍ ഉമേഷ് (26) എന്നിവരെ പൊലീസ് പിടികൂടിയത്.

ശനിയാഴ്ച രാത്രി നന്ദുവിനെ കാണുവാനില്ല എന്ന് കാണിച്ച് മാതാപിതാക്കള്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്‌കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നും വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായവരെ ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ പ്രദേശത്തു നിന്നും ചെങ്ങന്നൂര്‍ പൊലീസിന്റെ സഹായത്തോടെ മാന്നാര്‍  പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കച്ചവടത്തില്‍ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. 

നന്ദുവിനെ കാണാതാവുകയും നന്ദുവിന്റെ മൊബൈല്‍ ഫോണ്‍ ആറിന്റെ തീരത്ത് കിടന്ന് കിട്ടിയതും ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയില്‍ നന്ദുവിനെ സ്‌കോര്‍പിയോ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയും അവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളില്‍ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു. കായംകുളം ഓച്ചിറ ഉള്‍പ്പെടെ കേരളത്തിലെ പല സ്റ്റേഷനുകളിലും ആയി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും രണ്ടുതവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുള്ള ആളാണ് തക്കാളി ആഷിക് എന്ന് പൊലീസ് പറഞ്ഞു.

Share this story