പിഎസ്സി പരീക്ഷക്കിടെ ഹാളില്‍ നിന്ന് ഇറങ്ങിയോടിയത് അഖില്‍ ജിത്തോ?

arrest

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. 
സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയില്‍ വാങ്ങാന്‍ പൂജപ്പുര പൊലീസ് അപേക്ഷ നല്‍കിയത്. മുഖ്യപ്രതിയായ അമല്‍ ജിത്തിന് വേണ്ടി സഹോദരന്‍ അഖില്‍ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റെതാണ്. 
അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. ഇന്നലെ അമല്‍ജിത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്. അമല്‍ ജിത്തും അഖില്‍ ജിത്തും ചേര്‍ന്നാണ് പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖില്‍ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയര്‍ഫോഴ്‌സ് എഴുത്തുപരീക്ഷകള്‍ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയില്‍ പിന്തള്ളപ്പെട്ടിരുന്നു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ സഹോദരന് ജോലി കിട്ടാനായി അനുജന്‍ പരീക്ഷ എഴുതാന്‍ എത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയം. സംഭവത്തില്‍ രണ്ട് പേരെയും ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.

Tags