'രാജിവെക്കാൻ ആരും ആവശ്യപ്പെട്ടതല്ല, താൻ ഇക്കാര്യം നേരത്തെ അങ്ങോട്ട് പറഞ്ഞതാണ്' : എ.കെ. ശശീന്ദ്രൻ

 AK Saseendran
 AK Saseendran

കോഴിക്കോട് : എൻ.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിച്ച പശ്ചാത്തലത്തിൽ തന്നെ എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെക്കാൻ അനുവദിക്കണമെന്ന് എ.കെ. ശശീന്ദ്രൻ.

രാജിവെക്കാൻ ആരും ആവശ്യപ്പെട്ടതല്ലെന്നും താൻ ഇക്കാര്യം നേരത്തെ അങ്ങോട്ട് പറഞ്ഞതാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് എൻ.സി.പി തീരുമാനം. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്.

'പാർലമെന്‍ററി സ്ഥാനത്തുനിന്ന് മാറിനിന്ന് സംഘടനാപ്രവർത്തനത്തിൽ സജീവമാകാനാണ് താൽപര്യം. അതിനായി രാജിവെക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായി കാണരുത്.

മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ എന്നോട് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സംഘടനാരംഗത്ത് സജീവമാകാൻ പാർലമെന്‍ററി രംഗത്തുനിന്ന് സന്തോഷകരമായ ഒരു പിന്മാറ്റമാണ് ഞാൻ ആഗ്രഹിക്കുന്നത്. പാർട്ടിയുമായി ഏതെങ്കിലുമൊരു അഭിപ്രായവ്യത്യാസം കാരണമല്ല ഇത്.

സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയോ തോമസ് കെ. തോമസോ എനിക്ക് വിഷമമുണ്ടാക്കുന്ന ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടില്ല. രാജിവെച്ചാലുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പിന്നീട് ചർച്ച ചെയ്യേണ്ടതാണ്. രാജിക്കുള്ള ആഗ്രഹം മാസങ്ങൾക്ക് മുന്നേ പാർട്ടിയോട് പറഞ്ഞതാണ് -ശശീന്ദ്രൻ വ്യക്തമാക്കി.

Tags