എകെജി സെന്‍‍റര്‍ ആക്രമണം; ജിതിന്‍ ചോദ്യം ചെയ്യലിനെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത്; ദൃശ്യങ്ങളിലെ ഷൂവും ടീ ഷര്‍ട്ടും നിര്‍ണായകമായി
akg
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനാണ് എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജൂണ്‍ 30 രാത്രിയിലാണ്

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന ഓഫിസ് ആക്രമിക്കപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ രൂക്ഷ പരിഹാസം നേരിടുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനാണ് എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജൂണ്‍ 30 രാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ചുവന്ന ഡിയോ സ്‌കൂട്ടറില്‍ ഒരാളെത്തി എകെജി സെന്ററിന് നേരെ എന്തോ എറിയുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു.

സൈബര്‍ സെല്ലിന്റെ ഉള്‍പ്പെടെ സഹായത്തോടെയാണ് വിശദമായ അന്വേഷണം നടന്നത്. സര്‍ക്കാരിന് മുന്നില്‍ ഏറെ സമ്മര്‍ദം സൃഷ്ടിച്ച കേസില്‍ ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സമീപത്തെ നൂറിലധികം സിസിടിവി ക്യാമറകളില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഷൂവും ടീ ഷര്‍ട്ടും ജിതിന്റേത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ജിതിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചപ്പോള്‍ ഇയാളെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിട്ടാണ്. സംഭവം നടന്ന ജൂണ്‍ 30 രാത്രിയില്‍ എകെജി സെന്ററിന് സമീപത്തെ ടവര്‍ ലൊക്കേഷനില്‍ ജിതിനുണ്ടായിരുന്നുവെന്നും തെളിവ് ലഭിച്ചിട്ടുണ്ട്.

ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഇടക്കിടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാറുണ്ടെന്നായിരുന്നു ജിതിന്റെ മറുപടി. മാക്‌സിന്റെ ഒരു ടീഷര്‍ട്ടാണ് സംഭവദിവസം ഇയാള്‍ ധരിച്ചിരുന്നത്. സ്റ്റിച്ചിംഗില്‍ ഏറെ പ്രത്യേകതയുള്ള ആ ടീഷര്‍ട്ട് വാങ്ങിയ പത്ത് പേരില്‍ ജിതിനുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ദൃശ്യങ്ങളില്‍ കാണുന്ന വുഡ്‌ലാന്റ് ഷൂവും ജിതിന്റേതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ആക്രമണത്തിന് ശേഷം ജിതിന്‍ മടങ്ങി എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്ന ജിതിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാര്‍ കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു.

Share this story