അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്; ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്; ബാലൻ
ന്യൂഡൽഹി: തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് പി.വി. അൻവർ എം.എൽ.എ ചെയ്യുന്നതെന്ന് സി.പി.എം. നേതാവ് എ.കെ. ബാലൻ. അഞ്ച് നേരം നിസ്കരിക്കുന്നതിനാലാണ് അൻവറിനെതിരെ ആരോപണങ്ങളുണ്ടാകുന്നത് എന്നത് കള്ളപ്രചാരണമാണെന്നും ഈ തുറുപ്പുചീട്ട് അദ്ദേഹം ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
' അൻവർ പറഞ്ഞ കാര്യങ്ങളിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ടീമുകൾ നാല് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. അതിന്റെ റിപ്പോർട്ട് ഉടൻ വരും. അപ്പോൾ, അദ്ദേഹത്തിന്റെ ആവശ്യം സമഗ്ര അന്വേഷണമല്ല എന്നത് വ്യക്തമാണെന്നും അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന'യുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'മലപ്പുറം ജില്ലാ സെക്രട്ടറി ആർ.എസ്.എസ്സുകാരനാണ് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛൻ സർക്കസിലെ കോമാളിയാണെന്നുവരെ പറഞ്ഞു. നെഹ്‌റു താമസിച്ച ഒരു വീടിന്റെ പാരമ്പര്യമുള്ള പിതാവിന്റെ മകന് യോജിച്ചതാണോ ഈ പ്രയോഗം. അത് അദ്ദേഹം ഓർക്കണം. എന്താണ് അൻവറിന് സംഭവിച്ചതെന്ന് അറിയില്ല' എന്നും ബാലൻ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്. മലപ്പുറത്തെ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 43 ശതമാനമാണ് വോട്ടുവിഹിതം. മുസ്ലിം ജനതയിൽ നിന്നും വലിയ തള്ളിച്ച ഇടതുപക്ഷത്തിലേക്കുണ്ടായി. അതിനുള്ള പ്രധാനപ്പെട്ട മർമം പിണറായി വിജയന്റെ ഇടപെടലാണെന്നും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകർക്കുകയെന്ന യു.ഡി.എഫ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇതെന്നും ഇതുകൊണ്ട് ഇടതുപക്ഷത്തെയോ പിണറായിയെയോ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.