അജിത് കുമാര്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായ, എന്റെ നിലപാട് പാര്‍ട്ടിക്ക് വേണ്ടിയാണ് : പി വി അന്‍വര്‍ എംഎല്‍എ
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുന്നോട്ട് പോകും. പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഇല്ല. ദൈവത്തെയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും മാത്രമാണ് ഭയം. അല്ലാതെ ഒരാള്‍ക്കും കീഴ്‌പെടുകയും ഭയപ്പെടുകയും ഇല്ലെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.
'എന്റെ നിലപാട് പാര്‍ട്ടിക്ക് വേണ്ടിയാണ്. സര്‍ക്കാരിനെ തകര്‍ക്കാന്‍ എം ആര്‍ അജിത്കുമാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാറിനെതിരെ പൊലീസില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. എം ആര്‍ അജിത്കുമാര്‍ ആണ് അതിന്റെ തലവന്‍. എം ആര്‍ അജിത്കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ്. പൊലീസിലെ ശുദ്ധീകരണത്തിന് ആണ് ശ്രമം. ആരുടെയും പിന്തുണ തേടിയിട്ടില്ല. ഞാന്‍ പോരാടുന്നത് വലിയ ഒരു വിഭാഗത്തോടാണ്', പി വി അന്‍വര്‍ പറഞ്ഞു.
സേനയിലെ ഒരു വിഭാഗത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത്കുമാര്‍ ആണ്. അജിത്കുമാറിന്റെ ഒന്നാം നമ്പര്‍ ശിഷ്യന്‍ ആണ് സുജിത്ദാസ്. എഡിജിപിയായി അജിത്കുമാര്‍ തുടരണോ എന്നതില്‍ അഭിപ്രായം പറയുന്നില്ല. പൊലീസ് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ കള്ള കേസില്‍ കുടുക്കും. അതാണ് പൊലീസ് രീതി. ഇനിയും ഈ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആവില്ല. ഇപ്പോഴും ഇത് പറഞ്ഞില്ലെങ്കില്‍ ഈ പാര്‍ട്ടിയും ഈ സര്‍ക്കാരും ഒന്നും ഉണ്ടാകില്ല. എഡിജിപിക്ക് എതിരെ അന്വേഷണം വന്നാല്‍ തെളിവുകള്‍ കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
പൊലീസിലെ നെക്സസിനെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. അജിത്കുമാര്‍ ടെറര്‍ ആണ്. എന്ത് സാഡിസവും അജിത്കുമാര്‍ ചെയ്യും. എസ് പി സുജിത്ത്ദാസ് മലപ്പുറത്ത് നിരവധി നിരപരാധികള്‍ക്കെതിരെ കേസെടുത്തു. ആ കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ട്. നാളെ എന്നെ കള്ളക്കേസില്‍ കുടുക്കുകയും ജയിലാക്കുകയും ചെയ്തേക്കാം. അത് നേരിടാന്‍ തയ്യാറാണ്. ഇപ്പോഴെങ്കിലും താന്‍ ഇത് ചെയ്തില്ലെങ്കില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
മലപ്പുറം എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പ് ഓഫീസിന് മുന്നില്‍ കഴിഞ്ഞദിവസം പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. 2021-ല്‍ ക്യാമ്പ് ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് നേരത്തെ ഇവിടെ എസ്ഐ ആയിരുന്ന എന്‍ ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. ഈ കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നാണ് എംഎല്‍എയുടെ ആരോപണം. മരം മുറിച്ചുമാറ്റി ഉപയോഗിച്ചതില്‍ എഡിജിപി അജിത് കുമാറിനും സുജിത്ത് ദാസിനും പങ്കുണ്ടെന്നും എംഎല്‍എ ആരോപിച്ചിരുന്നു.