സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുക ലക്ഷ്യം : മന്ത്രി ജെ ചിഞ്ചുറാണി

google news
ddd

കൊല്ലം : സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ താലൂക്ക്തല അദാലത്തുകള്‍ നടത്തിവരുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' പുനലൂര്‍ താലൂക്ക്തല അദാലത്ത് എം ബി വര്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. മെയ് രണ്ടു മുതല്‍ സംസ്ഥാനത്തുടനീളം നടത്തുന്ന അദാലത്തുകളില്‍ ഭൂരിപക്ഷം പ്രശ്‌നങ്ങള്‍ക്കും ദ്രുതഗതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി ലഭിച്ച 309 പരാതികളില്‍ 194 എണ്ണം തീര്‍പ്പാക്കി. 165 പരാതികള്‍ പുതിയതായി ലഭിച്ചു.

ബി പി എല്‍ വിഭാഗത്തില്‍ അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അദാലത്തില്‍ വിതരണം ചെയ്തു. പുതിയ പരാതികള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ഹെല്‍പ് ഡെസ്‌ക്, അഗ്നിശമനസേന, പൊലീസ്, എന്‍ സി സി എന്നിവയുടെ നേതൃത്വത്തില്‍ സുരക്ഷക്രമീകരണം, ലഘുഭക്ഷണം എന്നിവയും സജ്ജമാക്കിയിരുന്നു.പി എസ് സുപാല്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി സുജാത, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം അംബികകുമാരി, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ മുരളി, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്, വാര്‍ഡ് കൗണ്‍സിലര്‍ നിമ്മി എബ്രഹാം, പുനലൂര്‍ ആര്‍ ഡി ഒ ബി ശശികുമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags