എഐ ക്യാമറ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

google news
chennithala

തിരുവനന്തപുരം : എഐ ക്യാമറ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല. തെളിവുകള്‍ സഹിതമാണ് ആരോപണം. ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. എ.കെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

പാവപ്പെട്ടവരെ പിഴചുമത്തി സ്വകാര്യ കമ്പനികള്‍ കൊള്ളയടിക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കരാര്‍, ഉപകരാര്‍ വിഷയങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്. കോര്‍ ഏരിയയില്‍ ഉപകരാര്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു. പ്രസാഡിയോ കമ്പനിയുടെ ഉടമ സുരേന്ദ്രകുമാര്‍ സി.പി.ഐ.എം സഹയാത്രികനാണ്. പ്രസാഡിയോയുടെ വളർച്ച അതിശയകരമാണ്. ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുതകളെ നിഷേധിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ എഐ ക്യാമറ കരാറുകള്‍ ഉള്‍പ്പെടുന്നില്ല. അന്വേഷണം നടക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാനം ചെയ്തത് എങ്ങിനെയാണ്. വ്യവസായ സെക്രട്ടറി നടത്തുന്ന അന്വേഷണം മുഖവിലക്കെടുക്കുന്നില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് വലിയ കാര്യമായി കാണുന്നില്ല. കരാര്‍ അടിയന്തിരമായി റദ്ദ് ചെയ്തുകൊണ്ടു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. താന്‍ നേരത്തെ കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളില്‍ നിന്നെല്ലാം സര്‍ക്കാറിനു യു ടേണ്‍ അടിക്കേണ്ടിവന്നിട്ടുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

Tags