അഗ്‌നിവീര്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന്‍ പിടിയില്‍

google news
gfghbf

കുണ്ടറ(കൊല്ലം) : അഗ്‌നിവീര്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന്‍ പിടിയില്‍. ശാസ്താംകോട്ട, മൈനാഗപ്പള്ളി തെക്ക് ഐശ്വര്യ ഭവനില്‍ എം.ബിനുവാണ് പിടിയിലായത്.

പാങ്ങോട് സൈനിക രഹസ്യാന്വേഷണവിഭാഗവും കുണ്ടറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ബിനുവിനെ പിടികൂടിയത്. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച പരാതിയിലായിരുന്നു നടപടി.

അഗ്‌നിവീര്‍ ജോലി ഉറപ്പാക്കാമെന്നു വാഗ്ദാനംനല്‍കി 30-ഓളം യുവാക്കളെയാണ് കബളിപ്പിച്ചത്. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പരുകള്‍ സംഘടിപ്പിച്ച ബിനു ഇവര്‍ക്ക് നിയമനം ഉറപ്പാക്കുമെന്നു വിശ്വസിപ്പിച്ചു. ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും ഇത് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങുകയുമായിരുന്നു.

ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുക്കാനായി ഇന്ത്യന്‍ സേനയുടെ പേരില്‍ കൃത്രിമരേഖകളും ഉണ്ടാക്കിയിരുന്നു. മുപ്പതോളംപേരില്‍നിന്ന് 30 ലക്ഷം രൂപയോളം ബിനു കൈക്കലാക്കിയെന്നാണ് പോലീസിനു കിട്ടിയ വിവരം. കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സി.ഐ. ആര്‍.രതീഷ് അറിയിച്ചു. കുണ്ടറ സ്വദേശിയായ ഉദ്യോഗാര്‍ഥിയുടെ പരാതിയിലാണ് അന്വേഷണം.

Tags