മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ. ഹാരിസ് ബീരാന്‍; നാമനിര്‍ദേശപത്രിക ഇന്ന് സമർപ്പിക്കും

haris beeran

തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് സംസ്ഥാനനേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്നാമത് ഒരു സീറ്റുകൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. ഇതില്‍ ജയിക്കുന്നതോടെ പി.വി. അബ്ദുല്‍വഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്സഭയിലെ മൂന്നുപേരടക്കം ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചാകും.

എറണാകുളം ആലുവ സ്വദേശിയാണ് ഹാരിസ് ബീരാന്‍. എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എംഎസ്എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാൻ 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2011 മുതൽ ഡൽഹി കെഎംസിസി പ്രസിഡന്റാണ്. 

അബ്ദുനസർ മഅദനിക്കും സിദ്ദീഖ് കാപ്പനും വേണ്ടി ഹാരിസ് ബീരാൻ നടത്തിയ നിയമ പോരാട്ടം ശ്രദ്ധേയമായിരുന്നു. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനെതിരെ കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം നിയമപോരാട്ടം നടത്തി. മുസ്ലിം ലീഗിന്റെ പേര് മാറ്റണമെന്ന ഹർജിക്കെതിരെയും മുത്തലാഖ് ബിൽ, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഹാരിസ് ബീരാൻ നടത്തിയ നിയമപരമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാൻ നിയമപോരാട്ടം നടത്തി. ഓൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Tags