30 വർഷം മുമ്പ് മരണപ്പെട്ട മകളുടെ ആത്മാവിന് അനുയോജ്യമായ വരനെ തേടുന്നു !

marrige

ബംഗളൂരു : 30 വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനെ തേടി വീട്ടുകാർ പത്രത്തിൽ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. കർണാടകയിലെ പുട്ടൂർ ഗ്രാമത്തിലുള്ള കുടുംബമാണ് വരനെ തേടി പത്രത്തിൽ പരസ്യം നൽകിയത്. ഈ പരസ്യത്തിലൂടെ എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്നറിയാതെ പലരും അത്ഭുതപ്പെട്ടു. ചിലരെങ്കിലും ഇത്തരമൊരു പരസ്യത്തിന്റെ പിന്നിലെന്താണെന്ന് അന്വേഷിച്ചു. ഒടുവിലാണ് കുടുംബത്തിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്കുള്ള പരിഹാരമാണ് ഈ വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന വിവരം പുറത്തുവന്നത്.

മരണപ്പെട്ട മകൾ അവിവാഹിതയായതാണ് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമെന്ന് ഇവ‍ർക്ക് ഉപദേശം ലഭിക്കുകയായിരുന്നു. 30 വ‍ർഷം മുമ്പ്, ചെറിയ കുട്ടിയായിരുന്നപ്പോഴാണ് മകൾ മരിക്കുന്നത്.

അതിനുശേഷം കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി. മകളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ഇവർക്ക് ഉപദേശം ലഭിച്ചത്. പ്രശ്നങ്ങൾക്ക് അറുതി വരുത്താനും മകളുടെ ആത്മാവിന് ശാന്തി നൽകാനും വേണ്ടിയാണ് ഇത്തരമൊരു വിവാഹം നടത്താൻ കുടുംബം ആലോചിച്ചതത്രെ.

30 വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനായി വേണ്ടതും 30 വ‍ർഷം മുമ്പ് മരണപ്പെട്ട 'യുവാവിനെ' തന്നെയാണ്. ആത്മാക്കളുടെ വിവാഹം നടത്താൻ താത്പര്യമുള്ളവരെ തേടിയായിരുന്നു പത്ര പരസ്യം. ബന്ധുക്കളും സുഹൃത്തുകളും ഏറെ പരിശ്രമിച്ചെങ്കിലും പ്രായവും ജാതിയും മരണപ്പെട്ട വ‍ർഷവുമൊക്കെ ഒക്കെ ഒത്തുവരുന്ന 'വരനെ' കണ്ടെത്താൻ സാധിച്ചില്ലെന്ന് ഏറെ വിഷമത്തോടെ ബന്ധുക്കൾ പറയുന്നു.

ആത്മാക്കൾ തമ്മിലുള്ള വിവാഹം കേരളത്തിൽ അപരിചിതമാണെങ്കിലും കർണാടകയിൽ സ്വാഭാവികമാണ്.

കർണാടകയുടെ ദക്ഷിണ മേഖല ഉൾപ്പെടുന്ന തുളുനാട്ടിലെ ചില വിഭാഗങ്ങൾക്കിടയിലാണ് ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്താറുള്ളതെന്നാണ് പറയപ്പെടുന്നത്.


ചെറുപ്രായത്തിൽ മരണപ്പെട്ടവരുടെ ആത്മാവുകൾ തമ്മിലുള്ള വിവാഹമാണ് നടത്തുക. ആത്മാവുകൾ വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നതോടെ കുടുംബത്തിന് സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കുലേ മാഡിമേ അല്ലെങ്കിൽ പ്രേത മാഡുവേ എന്നാണ് പരേതാത്മാവുകൾ തമ്മിലുള്ള വിവാഹത്തിന്‍റെ പേര്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണിത്. സാധാരണ ഒരു വിവാഹത്തിനുള്ള ചടങ്ങുകളെല്ലാം പരേതാത്മാക്കളുടെ വിവാഹത്തിനും ഉണ്ടായിരിക്കും. കുടുംബാംഗങ്ങൾ പരസ്പരം വീടുകൾ സന്ദർശിച്ച് വിവാഹം ഉറപ്പിക്കും.ഏറ്റവും ഒടുവിൽ വിവാഹച്ചടങ്ങും നടത്തും.

ചെറുപ്രായത്തിൽ മരണപ്പെട്ടവരാണെങ്കിൽ അവർക്ക് പ്രായപൂർത്തിയാകുന്ന കാലഘട്ടത്തിലാണ് വിവാഹാലോചന തുടങ്ങുക. മുൻപേ മരണപ്പെട്ട, അവരുടെ വയസിനും ഗോത്രത്തിനും ചേരുന്ന പങ്കാളികളെ മാത്രമേ തെരഞ്ഞെടുക്കൂ. മരണപ്പെട്ടവരുടെ ആത്മാവുകൾ തങ്ങൾക്കിടയിൽ തന്നെ ഉണ്ടെന്ന വിശ്വാസമാണ് ഈ ആചാരത്തിന്‍റെ അടിസ്ഥാനം.

Tags