ഉരുള്‍ദുരന്തം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണ് തെരച്ചില്‍ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തെരഞ്ഞു. അന്ന് അഞ്ച് ശരീരാവശിഷ്ടങ്ങളാണ് ലഭിച്ചത്. അതിന് ശേഷവും നിലമ്പൂരില്‍ നിന്ന് ഒരു ശരീരഭാഗം കൂടി കിട്ടി. ഉറ്റവരുടെ ശരീരാവശിഷ്ടങ്ങള്‍ ഇപ്പോഴും ഭൂമിക്കടിയിലും പുറത്തുമായി കിടക്കുകയാണ്. എന്നാല്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.
തെരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വലിയ പാളിച്ചയാണുണ്ടായത്. തുടക്കത്തില്‍ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും കലക്ടറോടും നിരന്തരമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതില്‍ നിന്നും വലിയ പുറകോട്ടുപോക്കാണ് ഉണ്ടായത്. 72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്താനായത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തെരച്ചിലിന്റെ കാര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദുരന്തബാധിതര്‍ക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും എം എല്‍ എ പറഞ്ഞു.
ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ദുരന്തബാധിതരുടെ വായ്പകളില്‍ പലയിടത്തും തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. നാഷണലൈസ്ഡ്, സഹകരണ ബാങ്കുകള്‍ മുഴുവന്‍ ബാധ്യതകളും എഴുതിത്തള്ളാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. എല്ലാവിധ വായ്പകളും മുഴുവനായി എഴുതിത്തള്ളാന്‍ ആവശ്യമായ നടപടി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണം. ഇത്രദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതിന് പിന്നില്‍ ഇരുസര്‍ക്കാരുകളുടെയും വീഴ്ചയാണ്.
ധനസഹായവിതരണം ഇത്രയും ദിവസമായിട്ടും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തും, സര്‍വകക്ഷിയും, പ്രദേശത്തെ ക്ലബ്ബുകളടക്കമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ സഹായിക്കാന്‍ ഇത് കൊണ്ട് കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം കമ്മിറ്റി തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിസഭാ ഉപസമിതിയില്‍പ്പെട്ട മന്ത്രിമാരാണ്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കേള്‍ക്കുന്ന സാഹചര്യമാണ്.സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും എം എല്‍ എ പറഞ്ഞു.
ദുരന്തബാധിതരുടെ തുടര്‍ചികിത്സയും താളം തെറ്റിയിരിക്കുകയാണ്. വായ്പയെടുത്തത് എഴുതിത്തള്ളുന്നില്ല. ജീവനോപാദി സമ്പൂര്‍ണമായി നഷ്ടപ്പെട്ടത് പുനക്രമീകരിക്കാന്‍ തയ്യാറാകുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന കുട്ടികളുടെ ഫീസടക്കേണ്ട സമയമായി. അവിടെയും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം നടപടിയുണ്ടാകണം. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ വിവരശേഖരണത്തില്‍ 253 ലക്ഷം രൂപ ഫീസിനത്തിനും അനുബന്ധകാര്യത്തിനും ആവശ്യമാണെന്നാണ് മനസിലാക്കാനായത്. ഈ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ചെയ്യാനുള്ള ചര്‍ച്ച മലബാര്‍ ഗോള്‍ഡ് ചെയര്‍മാനുമായി തണലിനൊപ്പം ചേര്‍ന്ന് നടത്തി. ഇതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.
സര്‍ക്കാരുമായി ബന്ധപ്പെട്ടായിരിക്കും ഇത് നടപ്പിലാക്കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചകള്‍ അടിയന്തരമായി സര്‍ക്കാര്‍ വിലയിരുത്തുകയും, തിരുത്താനുള്ള നടപടി സ്വീകരിക്കുകയും വേണം. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യം ആഴ്ചകളായി ജില്ലയില്‍ ഇല്ലെന്നത് ദുരന്തപരിഹാര ശ്രമങ്ങളുടെ വീഴ്ചയുടെ ആഴം കൂട്ടുന്നതാണ്. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ വിഷയം നിയമസഭയില്‍ അവതരിപ്പിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ കോണ്‍ഗ്രസും, യു ഡി എഫും പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നും എം എല്‍ എ പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, വി എ മജീദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.