മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതി: രഹസ്യമൊഴി നൽകി നടി; 'മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തി, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു'- നടി
മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണ. സർക്കാരിൽ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല, നടി കൂട്ടിച്ചേർത്തു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളിൽ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്ന് മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്.