കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ മക്കൾ വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു

google news
abraham

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ മക്കൾ വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. മക്കളായ ജോബിഷ്, ജോമോന്‍ എന്നിവരാണ്  വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ താത്കാലിക വാച്ചര്‍മാരായി ജോലിയിൽ പ്രവേശിച്ചത്.

മാര്‍ച്ച് അഞ്ചിന് കൃഷിയിടത്തില്‍വെച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ വലിയപ്രതിഷേധങ്ങള്‍ നടന്നിരുന്നു. കക്കയത്ത് അബ്രഹാമിന്റെ വീടുസന്ദര്‍ശിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തിന് സമ്മതമാണെങ്കില്‍ രണ്ട് ആണ്‍മക്കള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ താത്കാലികമായി ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ചിരുന്നു. 

ഒരാള്‍ക്കെങ്കിലും സ്ഥിരംജോലി നല്‍കണമെന്ന് കുടുംബവും കര്‍ഷകസംഘടനകളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിച്ചിട്ടില്ല. നേരത്തെ കുടുംബത്തിന് ആശ്വാസസഹായധനമായി 10 ലക്ഷംരൂപയും കൈമാറിയിരുന്നു.