അഭയ കേസ് : ഫാദർ കോട്ടൂരും ജയിൽ മോചിതനായി
Father Kottur released from jail


തിരുവനന്തപുരം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ. തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം.

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് തോമസ് കോട്ടൂർ പുറത്തിറങ്ങിയത്. സിസ്‌റ്റർ സെഫി ഇന്നലെ തന്നെ ജയിൽ മോചിതയായിരുന്നു.

അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികൾക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹരജിയിൽ തീർപ്പാകും വരെ ഇരുവർക്കും ജാമ്യത്തിൽ തുടരാം.

ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഇരുവർക്കും ജാമ്യം നൽകിയത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വെക്കണം, സംസ്‌ഥാനം വിടരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്‌ഥകൾ. പ്രതികൾക്ക് ജാമ്യം കിട്ടുന്നതിന് സിബിഐയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായെന്ന് കേസിലെ പ്രധാന കക്ഷിയായ ജോമോൻ പുത്തൻപുരയ്‌ക്കൽ കുറ്റപ്പെടുത്തി.

2021 ഡിസംബർ 23നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്‌റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്.

എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്‌ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹരജിയിൽ പ്രതികൾ ചോദ്യം ചെയ്‌തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്‌ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹരജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Share this story