
ആറ്റിങ്ങൽ : ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും(50) മകൻ ശിവദേവു(12)മാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. കാറിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി അറിയുന്നു.
ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്തായിരുന്നു അപകടം. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമായിരുന്നു ദാരുണമരണം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയിലേക്ക് ആൾട്ടോ കാർ ഇടിച്ച് കയറുകയായിരുന്നു.
ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിന് ചില കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശൻ ആത്മഹത്യയെക്കുറിച്ച് സൂചന നൽകുന്ന ചില പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടിരുന്നു. തങ്ങളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.