കട്ടപ്പനയില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍

google news
aanakombu



കട്ടപ്പന:  ഇടുക്കി കട്ടപ്പനയില്‍ നിന്ന്  കഴിഞ്ഞ മാസം ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.  വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് പിടിയിലായത്. കേസിലെ മൂന്നാം പ്രതിയാണ് ജിതേഷ്. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.

ഓഗസ്റ്റ് പത്തിനാണ് കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയില്‍ വച്ച് വില്‍പ്പനക്കായി കാറില്‍  കൊണ്ടു വന്ന ആനക്കൊമ്പ് വനം വകുപ്പ് പിടികൂടിയത്.  കേസിലെ ഇടനിലക്കാരനാണ് വള്ളക്കടവ് സ്വദേശിയായ തിരുവേലിയ്ക്കല്‍ ജിതേഷ്. അറസ്റ്റിലായ ജിതേഷിനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സുവര്‍ണ്ണഗിരിയില്‍ വാടയ്ക്ക് താമസിക്കുന്ന കണ്ണംകുളം അരുണിന്റെ കാറില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാന്‍ കാറില്‍ കാത്ത് നില്‍ക്കുമ്പോഴാണ് പിടിയിലായത്. ജിതേഷില്‍ നിന്നാണ് അരുണും ഇയാളുടെ സഹോദരീ ഭര്‍ത്താവ് ബിബിനും 6 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. 


നെടുങ്കണ്ടം സ്വദേശിയായ ജയ്‌മോന്റെ പക്കല്‍ നിന്നും ആനക്കൊമ്പ് വാങ്ങാന്‍ ജിതേഷാണ് ഇടനില നിന്നത്. കേസിലെ രണ്ടും നാലും പ്രതികളായ ജയ്‌മോനും ബിബിനും ഒളിവിലാണ്. എട്ടു കിലോ നാനൂറു ഗ്രാം തൂക്കവും 124 സെ. നീളവുമുള്ള ആനക്കൊമ്പാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ജയ്‌മോന്‍ പിടിയിലായാലേ ആനക്കൊമ്പ് എവിടെ നിന്നാണ് സംഘത്തിന് കിട്ടയതെന്ന് അറിയാന്‍ കഴിയൂ എന്ന് വനപാലകര്‍ പറഞ്ഞു.

അതേസമയം, ഇടുക്കി വട്ടവടയില്‍ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് മിന്നല്‍ പരിശോധന നടത്തി ഒരാളെ പിടികൂടി.  കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പടക്കമുള്ള ലഹരിയുടെ ഉപയോഗം വ്യാപകമണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വട്ടവടയിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, മഡ്ഹൗസ് ടെന്റ്,ഹോംസ്റ്റേ, സ്‌ക്കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

ദേവികുളം സി ഐ എസ് ശിവലാലിന്റെ നേതൃത്വത്തില്‍ ഇടുക്കി ഡോഗ് സ്വകാഡിന്റെ സഹായത്തോടെയാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍, കഞ്ചാവ് കൈവശം വച്ച എറണാകുളം സ്വദേശിയെ പിടികൂടുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും വട്ടവടിയിലേക്കാണ് പോകുന്നത്. 

അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നവരും വിദേശികളും ദിവസങ്ങളോളം മേഖലയില്‍ താമസിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പ്രദേശവാസികള്‍ ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ സി പി ഒമാരായ മുകേഷ്, രാജേഷ്, സനല്‍, അനസ്  തുടങ്ങിയവര്‍ പങ്കെടുത്തു. വരും  ദിവസങ്ങളിളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്‌കൂളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും ദേവികുളം പൊലീസ് പറഞ്ഞു.

Tags