'പാഠം ഒന്ന് പെരുമ്പാമ്പിനെ എങ്ങനെ സംരക്ഷിക്കാം'; പ്രവേശനോത്സവത്തിൽ എത്തിയ പാമ്പിനെ സംരക്ഷിച്ച് കുട്ടികളും വിദ്യാലയ അധികൃതരും

snake knr

കണ്ണൂർ: പ്രവേശനോത്സവത്തിന് കുട്ടികൾ സ്കൂളിൽ എത്തിയപ്പോൾ അതിനു മുൻപെ മറ്റൊരാൾ കൂടി സ്കൂൾ വളപ്പിൽ സ്ഥാനം പിടിച്ചിരുന്നു. പാമ്പുകളിൽ വമ്പനും വലിയവനുമായ പെരുമ്പാമ്പാണ് സ്കൂൾ വളപ്പിലെ മരത്തിൽ കയറി കൂടിയത്. എന്നാൽ തങ്ങളുടെ സ്കൂൾ വളപ്പിൽ എത്തിയത് പെരുമ്പാമ്പിൻ കുഞ്ഞാണെന്ന് അറിഞ്ഞതോടെ കുട്ടികൾക്കും താൽപര്യമേറി. പേടിയായിരുന്നില്ല, കൗതുകമായിരുന്നു കുരുന്നു കണ്ണുകളിൽ നിറഞ്ഞുനിന്നത്. 

പാമ്പുകളും പക്ഷികളും മറ്റു ജന്തു. സസ്യജാലങ്ങളും തങ്ങളെപ്പോലെ ഭൂമിയുടെ അവകാശികളാണെന്ന ബഷീറിയൻ പാഠം കുട്ടികൾ ആദ്യ ദിവസം തന്നെ പഠിക്കുകയായിരുന്നു. ദീർഘകാലത്തെ വേനൽ അവധിക്ക് ശേഷം അത്യുൽസാഹത്തോടെ വിദ്യാലയ മുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സിലബസിന് പുറത്തുള്ള ഒരു രക്ഷാ പാഠമാണ് അധ്യാപകർ പഠിപ്പിച്ചു നൽകിയത്.

 പ്രവേശനോത്സവമായ തിങ്കളാഴ്ച്ച രാവിലെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ പുളി മരത്തിലാണ് പെരുമ്പാമ്പ് കയറികൂടിയത്. പ്രവേശനോത്സവ ബഹളത്തിനിടെയാണ് പെരുമ്പാമ്പിൻ കുഞ്ഞിനെ ചിലർ കണ്ടത്. ഉടൻ രക്ഷിതാക്കൾ പ്രസാദ് ഫാൻസ് റെസ്ക്യു ടീമിനെ വിവരം അറിയിക്കുകയായിരുന്നു.

റെസ്ക്യു ടീം അംഗം റോഷിൻ കൂടാളിയെത്തി മരത്തിൽ കയറി പെരുമ്പാമ്പിൻ കുഞ്ഞിനെ സുരക്ഷിതമായി അവിടെ നിന്നും റസ്ക്യു ചെയ്തു മാറ്റുകയായിരുന്നു. മനുഷ്യരോടൊപ്പം പാമ്പുകൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും ഉപദ്രവിക്കാതെ അതിനെ സംരക്ഷിക്കുകയാണ് നാം വേണ്ടതെന്ന നല്ല പാഠമോതുകയായിരുന്നു റോഷിൻ കൂടാളിയും സ്കൂൾ അധികൃതരും.

Tags