മിന്നൽ പരിശോധന ; വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച തിരുവല്ലയിലെ ലഘുഭക്ഷണ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി

A snack manufacturing unit in Thiruvalla, which operated in an unsanitary environment, was shut down
A snack manufacturing unit in Thiruvalla, which operated in an unsanitary environment, was shut down

തിരുവല്ല : തിരുവല്ലയിലെ പെരിങ്ങരയിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി.  

തിരുനെൽവേലി സ്വദേശി ശങ്കറിന്റെ ഉടമസ്ഥതയിൽ പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് അടച്ചുപൂട്ടിയത്. പരിസരവാസികളുടെ പരാതിയെ തുടർന്നായിരുന്നു നടപടി.  

thiruvalla

ഉഴുന്നുവടയും , സമൂസയും, നെയ്യപ്പവും, കേക്കും അടക്കമുള്ള ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ താൽക്കാലികമായി അടച്ചുപൂട്ടിയത്. തിരുവല്ല, ചങ്ങനാശ്ശേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുള്ള ബേക്കറികളിലും ഹോട്ടലുകളിലുമായി ബൈക്കുകളിലും , ഓട്ടോറിക്ഷകളിലും ആയാണ് പലഹാരങ്ങൾ വിതരണം ചെയ്യുന്നത് എന്ന് ജീവനക്കാർ പറഞ്ഞു.

തുറസ്സായതും വൃത്തിഹീനമായ അന്തരീക്ഷത്തിലും ആണ് അടുക്കള പ്രവർത്തിച്ചിരുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി. പഴകിയ എണ്ണയാണ് പലഹാരങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്നത്. പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള മൈദ അടക്കമുള്ള സാധനസാമഗ്രികൾ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നത് എന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

thiruvalla

അടുക്കളയുടെ പരിസരപ്രദേശങ്ങൾ മലിന ജലം നിറഞ്ഞ ദുർഗന്ധം വമിക്കുന്നത് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന 17 ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡ് ഇല്ല എന്നും വ്യക്തമായിട്ടുണ്ട്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്, വാർഡ് മെമ്പർ എസ് സനൽ കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ എ സതീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജലക്ഷ്മി , വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും നശിപ്പിച്ചു.

thiruvalla

 അടുക്കള പൂർണ്ണമായും നവീകരിക്കുന്നതിനും , പരിസരം ശുചീകരിക്കുന്നതിനും ആയി അഞ്ച് ദിവസത്തെ സമയം നൽകിയതായും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടമയ്ക്ക് നോട്ടീസ് നൽകിയതായും ഇവ പാലിക്കാത്ത പക്ഷം സ്ഥാപനം പൂർണമായും അടച്ചുപൂട്ടുന്ന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

Tags