വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വില്പന: ജീവനക്കാരന്‍ പിടിയില്‍
തൃശൂര്‍: തീവ്രവാദ കേസുകളിലെ പ്രതികളെ അടക്കം പാര്‍പ്പിച്ചിരിക്കുന്ന തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വില്പന നടത്തിയ ജയില്‍ ജീവനക്കാരന്‍ പിടിയില്‍. അസി. പ്രിസണ്‍ ഓഫീസര്‍ കെ.പി. ഷംസുദ്ദീനാണ് അറസ്റ്റിലായത്. ജയിലിലെ മെസില്‍ അടക്കം ജോലി ചെയ്യുന്ന തടവുകാര്‍ക്ക് വില്‍ക്കാനായി എത്തിച്ചതായിരുന്നു ബീഡി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
20 ചെറിയ പാക്കറ്റ് ബീഡിക്ക് 4000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് തടവുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. പുറത്ത് തടവുകാരുടെ ബന്ധുക്കളില്‍ നിന്നായിരുന്നു പണം വാങ്ങിയിരുന്നത്.
ജീവനക്കാരുടെ വിശ്രമ മുറിയില്‍ നടത്തിയ പരിശോധനയിലാണ് ബീഡി കണ്ടെത്തിയത്. ഷംസുദ്ദീന്റെ ബാഗില്‍ രണ്ടു പാക്കറ്റ് ബീഡിയും അഞ്ചു പാക്കറ്റ് സോക്‌സില്‍ പൊതിഞ്ഞ നിലയിലും അഞ്ചു പാക്കറ്റ് ബീഡി കിടക്കയ്ക്കടിയില്‍ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. സബ് ജയിലില്‍ ജീവനക്കാരനായിരുന്ന സമയത്ത് അരി മറിച്ച് വിറ്റ കേസിലും ഷംസുദ്ദീന്‍ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.