മുല്ലപ്പെരിയാറിൽ പുതിയ ഡാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു

mullaperiyar

ദില്ലി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് വിളിച്ച കേന്ദ്ര യോഗം മാറ്റി. ഇന്ന് ദില്ലിയിൽ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗം മാറ്റി വച്ചത്.

എന്നാൽ യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്ടർ ശ്രീദേവി എന്നിവർ ഡൽഹിയിലെത്തിയിരുന്നു.

അതേ സമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തി. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. 

Tags