ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവം ; പ്രതിയുടെ സ്വാധീനം ഭയന്ന് കേരളത്തില്‍ വച്ച് പരാതി നല്‍കിയതെന്ന് കൊച്ചി സ്വദേശി

rape case

ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് സുഹൃത്ത്  കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി കൊച്ചി സ്വദേശിയായ യുവതി രംഗത്ത്. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുളള പീഡിപ്പിച്ചതെന്നാണ് കൊച്ചി സ്വദേശിയായ യുവതിയുടെ പരാതി. സംഭവത്തില്‍ നാദാപുരം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി

യുവതിയുടെ കുടുംബസുഹൃത്തും വ്യവസായിയുമായ നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുളളക്കെതിരെയാണ് യുവസംരംഭകയുടെ പരാതി. ദുബായില്‍ സ്ഥിര താമസമാക്കിയ യുവതിയെ പുതിയ സംരംഭത്തിന്റെ ചര്‍ച്ചക്കെന്ന പേരില്‍ താമസ സ്ഥലത്തേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു സംഭവം. വീട്ടിലെത്തിയ തന്നെ മണിക്കൂറുകളോളം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം നടന്നത് വിദേശത്താണെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്നാണ് കേരളത്തില്‍ പരാതി നല്‍കുന്നതെന്ന് യുവതി. ആദ്യഘട്ടത്തില്‍ പൊലീസ് കേസ്സെടുക്കാന്‍ തയ്യാറായില്ലെന്നും 25ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും അതിജീവിത. നാദാപുരം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയെന്ന് യുവതി പറഞ്ഞു. നിലവില്‍ പ്രതി വിദേശത്തായതിനാല്‍ ഇയാളെ നാട്ടിലെത്തിക്കാനുളള നടപടികള്‍ തുടങ്ങിയെന്ന് നാദാപുരം പൊലീസ് അറിയിച്ചു.

Tags