കളിത്തോക്ക് ചൂണ്ടി പോലീസിനെ 'വിറപ്പിച്ച്' യുവാവ്; ഒടുവിൽ മൽപ്പിടിത്തത്തിലൂടെ കീഴടക്കി
jhb

തിരൂര്‍ : യുവാവ് പട്ടാപ്പകല്‍ പോലീസിനു നേരെ തോക്കുചൂണ്ടി. ആലത്തിയൂര്‍ ആലിങ്ങലിലാണ് നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്.

തിരൂര്‍ സി.ഐ. എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മല്‍പ്പിടിത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. പിന്നെയാണ് തോക്ക് കളിത്തോക്കാണെന്ന സത്യമറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ബന്ധുക്കളുടെ കൂടെ വിട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പൊന്നാനിയില്‍നിന്ന് കൂട്ടായിക്ക് പോകുകയായിരുന്ന അബ്ദുറഹ്‌മാന്‍ എന്നയാളോട് യുവാവ് ചമ്രവട്ടം ജങ്ഷനില്‍നിന്ന് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു. കൈയിലൊരു ബാഗുമുണ്ടായിരുന്നു.

യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അബ്ദുറഹ്‌മാന്‍, യുവാവ് ആലിങ്ങല്‍ ഇറങ്ങിയശേഷം പൊന്നാനി സി.ഐ.യെയും തുടര്‍ന്ന് തിരൂര്‍ സി.ഐ.യെയും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ യുവാവ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ പോലീസ് ജീപ്പിലുള്ള ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയാണ് മല്‍പ്പിടിത്തത്തിലൂടെ യുവാവിനെ കീഴടക്കിയത്. പോലീസുകാരായ ജിനേഷ്, ധനീഷ്, ആദര്‍ശ് എന്നിവരടങ്ങിയ സംഘവും സി.ഐ.ക്കൊപ്പമുണ്ടായിരുന്നു.

Share this story