ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും : മന്ത്രി ഡോ. ആർ ബിന്ദു

Minister R Bindu

സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പെർഫോമൻസ് ആൻഡ് അസ്സെസ്‌മെന്റ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ജനുവരി 23ന് രാവിലെ 11 .30 ന്  തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്ററിൽ മന്ത്രി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കലാ-സാഹിത്യ മേഖലകളിൽ പ്രാഗത്ഭ്യവും കഴിവും തെളിയിച്ചിട്ടുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി കൂടുതൽ അനുകൂലമായ സാഹചര്യങ്ങളും, വിവിധ സഹായ സംവിധാനങ്ങളും ലഭ്യമാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും, സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള ഡെവലപ്പ്‌മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗൺസിലും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

സംഗീതം, വീഡിയോഗ്രാഫി, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് മേഖലകളിൽ പ്രാഗൽഭ്യമുള്ളവരും 40 ശതമാനമോ  അതിലധികമോ ഭിന്നശേഷി ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷ നൽകാം.പദ്ധതിയുടെ ആദ്യഘട്ട പെർഫോർമൻസ് അസസ്സ് ചെയ്യുന്നതിനുള്ള ക്യാമ്പാണ് 25 വരെ ശ്രീകാര്യത്ത് നടത്തുന്നത്. ചലച്ചിത്ര സംഗീത കലാമേഖലയിലെ പ്രമുഖർ ക്യാമ്പ് അംഗങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

Share this story