സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാക്കും : മന്ത്രി വീണാ ജോര്‍ജ്

google news
ghvb

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടാറ്റ ട്രസ്റ്റ് ഗവണ്‍മെന്റ് കോവിഡ് ആശുപത്രി നിലനില്‍ക്കുന്ന സ്ഥലത്ത് സ്‌പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നിലവിലുള്ള സംവിധാനത്തെക്കുറിച്ചും പുതുതായി ആരംഭിക്കേണ്ട സംവിധാനത്തെക്കുറിച്ച് പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിക്കും. ഈ മാസം അവസാനം സാങ്കേതിക വിദഗ്ധ സമിതി പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായ 11 പഞ്ചായത്തുകളില്‍ പ്രത്യക ന്യൂറോ ക്ലിനിക്കുകള്‍ നടത്തും. വര്‍ഷത്തില്‍ നാലു തവണ പതിനൊന്ന് പഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളില്‍ ന്യൂറോളജിസ്റ്റുകള്‍ നേരിട്ട് എത്തി രോഗികളെ പരിശോധിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുക.
എല്ലാ പഞ്ചായത്തുകളിലും ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനാണ് ന്യൂറോ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളേജില്‍ സേവനം നടത്തുന്ന ന്യൂറോളജിസ്റ്റിന്റെയും കൂടുതല്‍  ന്യൂറോളജിസ്റ്റുകളുടെയും സേവനം ഇതിന് പ്രയോജനപ്പെടുത്തും. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് നിര്‍മാണം പൂര്‍ത്തീകരിച്ച് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെയും വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, കെട്ടിട നിര്‍മ്മാണ പുരോഗതി, ജീവനക്കാരുടെ ക്ഷാമം, തുടങ്ങിയവയെല്ലാം ആരോഗ്യ വകുപ്പ് മന്ത്രി അവലോകനം ചെയ്തു.
 

Tags