ചരിഞ്ഞ കുട്ടിയാനയ്ക്ക് ദിവസങ്ങളോളം കാവല്‍ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉള്‍വനത്തിലേക്കു മടങ്ങി

Wild elephant

തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് ദിവസങ്ങളോളം കാവല്‍ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉള്‍വനത്തിലേക്കു തിരികെപോയി. വിതുരയിലാണ് അമ്മയാന കുട്ടിയാനയ്‌ക്കൊപ്പം കാവല്‍ നിന്നത്. ചരിഞ്ഞ കുട്ടിയാനയ്ക്കു സമീപം നിലയുറപ്പിച്ച അമ്മയാന രണ്ട് രാത്രിയും ഒരു പകലുമാണ് കാവല്‍ നിന്നത്. ഒടുവില്‍ അമ്മ ആന ഉള്‍ വനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. 

ശനിയാഴ്ച്ച രാത്രി 9 മണിയോടെയാണ് കാട്ടാന കുട്ടിയെ അമ്മയാന തട്ടി തട്ടി കൊണ്ടുവരുന്നത് ആദിവാസികള്‍ കണ്ടെത്. ഇത് കണ്ടയുടനെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാന കൂട്ടം ഉണ്ടായിരുന്നതിനാല്‍ സമീപത്തേക്ക് ചെല്ലാന്‍ സാധിച്ചില്ല. കുട്ടിയാന മരിച്ചത് അറിയാതെ അമയാന ഇതിനെ തട്ടി തട്ടി കാട്ടിലേക്ക് കൊണ്ട് പോയി കൊണ്ടിരുന്നു. പാലോട് വനം റേഞ്ചിലെ കല്ലാര്‍ സെക്ഷനില്‍ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയില്‍ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച മുഴുവനും അമ്മയാന ജഡത്തിനു സമീപം തുടര്‍ന്നു. 

തിങ്കളാഴ്ച രാവിലെ 11 മണിവരെ വരെ ഏകദേശം 40 മണിക്കൂറോളമാണ് അമ്മയാന ജഡത്തിനു സമീപം തുടര്‍ന്നത്. കുട്ടിയാന മരിച്ചത് അറിയാതെ 40 മണിക്കൂറോളം  കുട്ടിയാനയെ തട്ടിയും തുമ്പിക്കൈ കൊണ്ട് തലോടിയും ഒക്കെ പൊന്നോമനയെ എഴുനേല്‍പ്പിക്കാന്‍ അമ്മയാന ശ്രമിച്ചുകൊണ്ടിരുന്നു. ശ്രമങ്ങള്‍ വിഫലമായതോടെ ചിന്നം വിളിച്ച് കൊണ്ട് കുട്ടിയാനയുടെ ജഡത്തിന് അരികില്‍ നിന്നും അമ്മയാന തിരികെ ഉള്‍കാട്ടിലേക്ക് പോയി. ഇതിന് ശേഷം വനം വകുപ്പ് സംഘവും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി സര്‍ജന്‍ ഡോ. എസ്.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. 

കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ അതെ സ്ഥലത്ത് തന്നെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതും ചിത ഒരുക്കിയതും. രണ്ടര വയസുള്ള വൈകല്യം ബാധിച്ച ആനയാണ് ചരിഞ്ഞത് എന്ന് പാലോട് വനം റേഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ ഇതിന്റെ ആന്തരിക അവയവങ്ങളില്‍ പലതും തകരാറിലായിരുന്നു എന്നും ശ്വാസകോശം പൊട്ടിയ അവസ്ഥയില്‍ ആയിരുന്നു എന്നും വനംവകുപ്പ് അറിയിച്ചു.

Share this story